
തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി (21) ആണ് മരിച്ചത്. മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായിരുന്ന അൻസിജി കഴിഞ്ഞ ദിവസമാണ് കരുങ്കലിലെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടിയത്.
ഗുരുതരമായി പരുക്കേറ്റ അൻസിജിയെ ആദ്യം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോളേജിലെ അധ്യാപകരുടെയും മാനേജ്‌മെന്റ് അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് മകൾ ആത്മഹത്യാശ്രമം നടത്താൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച് രക്ഷിതാക്കൾ കരിങ്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോളേജ് ഹോസ്റ്റലിലെ മോശം ഭക്ഷണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുൻപ് അൻസിജ ഉൾപ്പെടെയുള്ള വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ തുടർന്ന് ഹോസ്റ്റലിൽനിന്ന് പുറത്താക്കിയതായും കുടുംബം ആരോപിക്കുന്നു. പിന്നീട് സ്വകാര്യ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന വിദ്യാർഥികളെ അധ്യാപകരും മാനേജ്‌മെന്റും മാനസികമായി സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് പരാതിയിലെ ആരോപണം.
അതേസമയം, വിദ്യാർഥിനി കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണ് നടത്തിയതെന്നും കുടുംബം ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.
പ്രിൻസിപ്പലിനും മാനേജ്‌മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയിൽ കരിങ്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.










